Verses to overcome cravings and temptations

Be vigilant

നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം. (ഉല്‍‍പത്തി 4:7)

തിന്‍മയെ നന്‍മയെന്നും നന്‍മയെ തിന്‍മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം! (ഏശയ്യാ 5:20)

വിവേകി ജാഗരൂകതയോടെ തിന്‍മയില്‍നിന്ന് അകന്നു മാറുന്നു; ഭോഷന്‍ വീണ്ടുവിചാരമില്ലാതെ എടുത്തു ചാടുന്നു. (സുഭാഷിതങ്ങള്‍ 14:16)

അങ്ങയുടെ മാര്‍ഗങ്ങളെപ്പറ്റി ചിന്തിച്ചു ഞാന്‍ എന്‍റെ പാദങ്ങളെ അങ്ങയുടെ കല്‍പനകളിലേക്കു തിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 119:59)

യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. (മത്തായി 4:10)

എന്‍റെ വീഴ്ചയ്ക്കു കാരണംകര്‍ത്താവാണെന്ന് പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല. അവിടുന്നാണ് എന്നെ വഴിതെറ്റിച്ചത് എന്നു പറയരുത്; അവിടുത്തേക്ക് പാപിയെ ആവശ്യമില്ല. എല്ലാ മ്‌ളേച്ഛതകളും കര്‍ത്താവ്‌ വെറുക്കുന്നു; അവിടുത്തെ ഭക്തരും അത് ഇഷ്ടപ്പെടുന്നില്ല.  ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്‍കി. മനസ്‌സുവച്ചാല്‍ നിനക്കു കല്‍പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാ പൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. (പ്രഭാഷക‌ന്‍ 15:11-15)

അഗ്‌നിയും ജലവും അവിടുന്ന്‌ നിന്‍റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം.  ജീവനും മരണവും മനുഷ്യന്‍റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും. കര്‍ത്താവ് തന്‍റെ ഭക്തരെ കടാക്ഷിക്കുന്നു; മനുഷ്യന്‍റെ ഓരോ പ്രവൃത്തിയും അവിടുന്നറിയുന്നു. .. പാപം ചെയ്യാന്‍ അവിടുന്ന്ആരോടും കല്‍പിച്ചിട്ടില്ല; ആര്‍ക്കും അനുവാദം കൊടുത്തിട്ടുമില്ല. (പ്രഭാഷക‌ന്‍ 15:15-20)

സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. (ലൂക്കാ 21:34)

സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്. (എഫേസോസ് 4:27)

നിങ്ങളോടു ഞാന്‍ പറയുന്നു, ആത്‌മാവിന്‍റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്‌തിപ്പെടുത്തരുത്‌. (ഗലാത്തിയാ 5:16)

Consequences of yielding to temptations or having addictions

ഇതാ, ഇന്നു ഞാന്‍ നിന്‍റെ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു. ഇന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്‍റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താല്‍ നീ ജീവിക്കും; ..  എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്‍റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്‍മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്താല്‍ നീ തീര്‍ച്ചയായും നശിക്കുമെന്നും, .. ഇന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. (നിയമാവര്‍ത്തനം 30:15-17)

സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്‍റെ പല്ലുകള്‍ സിംഹത്തിന്‍റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും. (പ്രഭാഷക‌ന്‍ 21:2)

അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവനിന്നെ കാളക്കൂറ്റനെ പ്പോലെകുത്തിക്കീറും. അവ നിന്‍റെ ഇലകള്‍ ഭക്ഷിക്കുകയും നിന്‍റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു ഉണക്ക മരമായിത്തീരും. (പ്രഭാഷക‌ന്‍ 6:2,3)

സംസ്‌കാരസമ്പന്നന്‍ അമിതമായി ഭക്ഷിക്കുന്നില്ല; അവന് ഉറക്കം അനായാസമാണ്. മിതമായി ഭക്ഷിക്കുന്നവന്‍ നന്നായി ഉറങ്ങുന്നു; അവന്‍ ഉന്‍മേഷവാനായി രാവിലെ ഉണരുന്നു; അമിതഭക്ഷണം നിദ്രാരാഹിത്യവും ദഹനക്ഷയവും ഉദരവേദനയും ഉളവാക്കുന്നു. (പ്രഭാഷക‌ന്‍ 31:19-20)

ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.  (യാക്കോബ് 1:14-15)

നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?  ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ. (1 കൊറിന്തോസ് 3:16,17)

How to deal with temptations

നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. (എഫേസോസ് 4:22)

പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. (മത്തായി 26:41)

സാത്താന്‍റെ കുടില തന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ദൈവത്തിന്‍റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. (എഫേസോസ് 6:11)

അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍.  സമാധാനത്തിന്‍റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍.  സര്‍വോപരി, ദുഷ്ടന്‍റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്‍റെ പരിച എടുക്കുവിന്‍.  രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്‍റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍. (എഫേസോസ് 6:14-17) | ആത്മീയസമരം

ഇവയെല്ലാം ക്രിസ്തുവിനെ പ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. (ഫിലിപ്പി 3:7,8)

എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു. (ഫിലിപ്പി 3:13,14)

മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും. (1 കൊറിന്തോസ് 10:13)

നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. (ഹെബ്രായര്‍ 4:15)

മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിര സ്‌കൃതനാകാതിരിക്കുന്നതിന് എന്‍റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു. (1 കൊറിന്തോസ് 9:27)

ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും.  ജഡിക താത്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്‌സ് ദൈവത്തിന്‍റെ ശത്രുവാണ്. അതു ദൈവത്തിന്‍റെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിനു സാധിക്കുകയുമില്ല. ജഡിക പ്രവണതകളനുസരിച്ചു ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. (റോമാ 8:6-8)

ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്‍റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.  (റോമാ 8:13)

നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്‍റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്. (റോമാ 8:15) | For the Spirit that God has given you does not make you slaves and cause you to be afraid; instead, the Spirit makes you God’s children, and by the Spirit’s power we cry out to God, ‘Father! my father!’ (Romans 8:15)

ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്‍റെ നിയമം നിന്നെ പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍ നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. (റോമാ 8:1,2) | ആത്മാവിലുള്ള ജീവിതം

നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. (1 പത്രോസ് 5:8,9)

മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്ന് നാശം കൊയ്‌തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും. (ഗലാത്തിയാ 6:7,8)

ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്. ലോകവും അതിന്‍റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു. (1 യോഹന്നാ‌ന്‍ 2:16,17)

ഈശോ പ്രലോഭനങ്ങളെ നേരിട്ട രീതി : a short audio clip by Fr. Daniel Poovannathil

Top verses

Create a website or blog at WordPress.com

Up ↑