Verses for strength in life

ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെ പ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:31)

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും. (ഏശയ്യാ 41:10)

യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്. (ഏശയ്യാ 43:1)

ശക്തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെ പ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല. (നിയമാവര്‍ത്തനം 31:6)

സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. (ഏശയ്യാ 43:2)

മരണത്തിന്‍റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 23:4)

ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്ര മധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്‍റെ പ്രകമ്പനം കൊണ്ടു പര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 46:1) | ദൈവം നമ്മോടുകൂടെ

നീതിമാന്‍റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.  (സങ്കീര്‍ത്തനങ്ങള്‍ 34:19)

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍,  അവര്‍ ആശിക്കുന്ന അഭയം ഞാന്‍ അവര്‍ക്കു നല്‍കും. (സങ്കീര്‍ത്തനങ്ങള്‍ 12:5)

എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്‍റെ കൊടുങ്കാറ്റു കടന്നു പോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 57:1) | ദൈവത്തിന്‍റെ ചിറകിന്‍കീഴില്‍

ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. .. ഞങ്ങള്‍ ഭഗ്‌നാശരാകുന്നില്ല. (2 കൊറിന്തോസ് 4:8-9,16) | അനശ്വരതയിലുള്ള പ്രത്യാശ

നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്‍റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍. (ഏശയ്യാ 52:12)

കര്‍ത്താവ് നിന്‍റെ ആശ്രയമായിരിക്കും; നിന്‍റെ കാല്‍ കുടുക്കില്‍പ്പെടാതെ അവിടുന്ന് കാത്തു കൊള്ളും. (സുഭാഷിതങ്ങള്‍ 3:26)

നിന്‍റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്‍റെ ദൂതന്‍മാരോടു കല്‍പിക്കും. നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചു കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 91:11-12)

ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തു രക്ഷിക്കും. (ഉല്‍‍പത്തി 28:15)

ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും. (ജോഷ്വാ 1:9)

നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും. (സുഭാഷിതങ്ങള്‍ 3:6)

എനിക്ക് ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു; രാത്രിയിലും എന്‍റെ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു. കര്‍ത്താവ് എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ട്; അവിടുന്ന് എന്‍റെ വലത്തു ഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 16:7-8)

ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക. (സങ്കീര്‍ത്തനങ്ങള്‍ 46:10) | ദൈവം നമ്മോടുകൂടെ

തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് കവചമാണ്. (സുഭാഷിതങ്ങള്‍ 30:5)

തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയ കേന്ദ്രവും, പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പും ആണ്. (പ്രഭാഷക‌ന്‍ (34:19)

പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. നിന്‍റെ കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 121:1-3) | കര്‍ത്താവ് എന്‍റെ കാവല്‍ക്കാരന്‍

കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്‍മകളിലും നിന്നു കര്‍ത്താവ്‌ നിന്നെ കാത്തു കൊള്ളും; അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും. കര്‍ത്താവു നിന്‍റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തു കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 121:5-7)

ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു. കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:7) | ദൈവത്തിന്‍റെ സംരക്ഷണം

നിന്‍റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 37:5)

അവിടുന്നു സ്വര്‍ഗത്തില്‍ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്‍റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും. (സങ്കീര്‍ത്തനങ്ങള്‍ 57:3)

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്‍റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.  .. കഷ്ടതകളിലൂടെ കടന്നു പോകുന്നെങ്കിലും, എന്‍റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു; എന്‍റെ ശത്രുക്കളുടെ ക്രോധത്തിനെതിരേ അവിടുന്നു കരം നീട്ടും; അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും. (സങ്കീര്‍ത്തനങ്ങള്‍ 138:3,7)

നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തല താല്ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും. നിന്നോട് ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും. നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:11-13)

മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചു നില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. (പുറപ്പാട് 14:13-14)

അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ ത്തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ. (2 മക്കബായര്‍ 8:18)

ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്‍റെ പക്ഷത്താണെന്നു ഞാനറിയുന്നു. (സങ്കീര്‍ത്തനങ്ങള്‍ 56:9) | ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കും

ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍, ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ,  ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? (സങ്കീര്‍ത്തനങ്ങള്‍ 56:10-11)

എന്‍റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന് എന്നെ രക്ഷിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 59:1) | ദൈവം എന്‍റെ ശക്തിദുര്‍ഗം

കര്‍ത്താവല്ലോ ഉന്നതശിലയും ദുര്‍ഗവും എന്‍റെ വിമോചകനും എന്‍റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും; എന്‍റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തില്‍ നിന്നു രക്ഷിക്കുന്നു. (2 സാമുവല്‍ 22:2-3) | ദാവീദിന്‍റെ വിജയകീര്‍ത്തനം

കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്‍റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം? എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍ , അവര്‍ തന്നെ കാലിടറി വീഴും. ഒരു സൈന്യം തന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്‍റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 27:1-3) | കര്‍ത്താവില്‍ ആശ്രയം

യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. (സംഖ്യ 23:23)

കര്‍ത്താവ് വിശ്വസ്തനാണ്. അവിടുന്നു നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനില്‍ നിന്നു കാത്തു കൊള്ളുകയും ചെയ്യും. (2 തെസലോനിക്കാ 3:3)

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍ , ഞാന്‍ കര്‍ത്താവിന്‍റെ കരങ്ങളിലാണ്. എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 3:5)

തന്‍റെ മുന്‍പില്‍ നിഷ്‌കളങ്കരായി വര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി ശക്തി പ്രകടിപ്പിക്കുവാന്‍ കര്‍ത്താവിന്‍റെ ദൃഷ്ടികള്‍ ഭൂമിയിലുടനീളം പായുന്നു. (2 ദിനവൃത്താന്തം 16:9) | The eyes of the LORD search the whole earth in order to strengthen those whose hearts are fully committed to him. (2 Chronicles 16:9)

ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:6)

മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27)

ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. (യോഹന്നാ‌ന്‍ 14:18)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4:13)

ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു. അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 34:4-5)

എന്തെന്നാല്‍, ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും ആത്മാവിനെയാണ്. (2 തിമോത്തേയോസ് 1:7)

കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കലമാന്‍റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്‍റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു.  (ഹബക്കുക്ക് 3:19)

കര്‍ത്താവേ, അങ്ങാണ് എന്‍റെ രക്ഷാകവചവും എന്‍റെ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നു തന്നെ. (സങ്കീര്‍ത്തനങ്ങള്‍ 3:3)

നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. (റോമാ 8:26)

എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8)

നിനക്ക് എന്‍റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. (2 കൊറിന്തോസ് 12:9) | My power is made perfect in weakness, for my grace is sufficient for you. (2 Corinthians 12:9)

Top 10 verses for strength

Create a website or blog at WordPress.com

Up ↑